മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം, രചന നവാസ് നാമണ്ടൂർ . പുഞ്ചിരിയോടെ സ്നേഹത്തോടെ ആണൊരുത്തൻ ഒരു പെണ്ണിനോട് ഫോണിൽ സംസാരിക്കുന്നു എങ്കിൽ അവൾ അവൻറെ ഭാര്യ ആവില്ല എന്ന് ചിലർ തമാശയോടെ പറയാറുണ്ട്. എന്തൊരു ശല്യമാണ് വീട്ടിൽ ആയാലും പുറത്തിറങ്ങിയാലും ഓരോന്ന് പറഞ്ഞ് മനുഷ്യനെ ദേഷ്യം പിടിപ്പിക്കും. ഞാൻ അങ്ങോട്ട് തന്നെയല്ലേ വരുന്നത് പിന്നെ എന്തിനാ ഇപ്പോൾ വരുമെന്ന് ചോദിച്ച് ഇടയ്ക്കിടെ വിളിക്കുന്നത്. എൻറെ മറുപടി സുലുവിനെ സങ്കടം ആയതു കൊണ്ടായിരിക്കും അവൾ വേറെ ഒന്നും പറയാതെ കോൾ കട്ട് ചെയ്തത്. വീട്ടിൽ വന്നാൽ അവളെ വഴക്ക് പറഞ്ഞതൊന്നും അവൾ ഓർത്ത് വെക്കില്ല. ഒന്നും പറഞ്ഞിട്ടില്ല എന്ന വിധം അവൾ എന്നെ സ്വീകരിക്കും. രാത്രിയിൽ മക്കൾ ഉറങ്ങിയാൽ അവൾ എൻറെ അരികിലേക്ക് ചേർന്ന് കിടക്കും.
ചുണ്ടുകൾ തമ്മിൽ ബന്ധനത്തിൽ ആവുന്ന നിമിഷം ഭൂമിയിലെ സകല ശബ്ദങ്ങളെയും നിശബ്ദമാക്കി കൊണ്ട് രണ്ട് ഹൃദയം മിടിപ്പുകൾ അത്യുച്ചമാകും. അവൾ എന്നിൽ നിന്നും ആഗ്രഹിക്കുന്നത് എൻറെ ചുംബനങ്ങൾ ആണ് എനിക്കറിയാം എന്തൊക്കെ പരിഭവങ്ങളും പരാതികളും ഉണ്ടെങ്കിലും ഒരു ഒറ്റ ചുംബനത്തിൽ അവൾ എല്ലാം മറക്കും. രാത്രി മാത്രമേ ഉള്ളൂ സ്നേഹം പകൽ ഒന്നും മിണ്ടാൻ പോലും വരില്ല.. ഹേയ് നീ ഒരോ തിരക്കിലല്ലേ.. അതൊന്നുമല്ല ഏതുനേരത്തും കണ്ണ് മൊബൈലിലാണ്. അവളോട് എന്തെങ്കിലും മിണ്ടാൻ ചെന്നാൽ അവൾ വേറെ എന്തെങ്കിലും പറയാൻ തുടങ്ങും. ആ സമയം എനിക്ക് ദേഷ്യം വരും അതുകൊണ്ടാണ് മിണ്ടാത്തത് എന്ന് ഞാൻ പറഞ്ഞില്ല. ഞാൻ അവളെ കെട്ടിപ്പിടിച്ച് എന്നിലേക്ക് ചേർത്തുപിടിച്ചു.
നിനക്ക് ക്ഷീണം അല്ലേ ഉറങ്ങിക്കോ. ഹേയ് എന്റെ ക്ഷീണം ഒന്നും കുഴപ്പമില്ല. എപ്പോഴും അവൾ അങ്ങനെയാണ് എൻറെയും മക്കളുടെയും സന്തോഷം ആണ് അവളുടെ തൃപ്തി അതൊക്കെ അറിഞ്ഞിട്ടും അവളോട് സംസാരിക്കാൻ നിൽക്കാതെ അവളെ മനസ്സിലാക്കാതെ ഞാൻ ഒഴിഞ്ഞു മാറും. രാവിലെ ഉണർന്ന് ഞാൻ എഴുന്നേറ്റ് കുളിച്ച് ഒരുങ്ങുമ്പോൾ എനിക്ക് കഴിക്കാനുള്ള ഭക്ഷണം റെഡിയാക്കി വെച്ചിട്ടുണ്ടാവും. അതിന്റെയൊപ്പം ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം. പിന്നെ ജീരകം ഇട്ടു തിളപ്പിച്ച വെള്ളവും. 12 മണിയാകും ഉറങ്ങാൻ എങ്ങനെയാവോ അവൾക്ക് വെളുപ്പിന് ഒരു ദിവസം പോലും സമയം തെറ്റാതെ ഉണരാൻ കഴിയുന്നത്. പണിക്കു പോയി പണി തുടരും മുൻപ് അവൾ വിളിക്കും എപ്പോൾ എത്തി സൂക്ഷിക്കണം, ചുറ്റിക കൊണ്ട് അടിക്കുമ്പോൾ കൈ നോക്കണം, അങ്ങനെ പലതും. ഒരു മൂളലിലൂടെ ഞാൻ മറുപടി കൊടുക്കും.