രചന നിയാസ് നച്ചു. നീ പെട്ടെന്ന് വീട്ടിലേക്ക് വരണം എന്ന് ഏട്ടൻ പറയുമ്പോൾ ആദ്യം ഓടിയെത്തിയത് അമ്മയുടെ മുഖമായിരുന്നു ഒന്നു രണ്ടുവർഷം ആയി കിടപ്പിലാണ് അമ്മ. വിവരം എന്തെന്ന് അറിയാനുള്ള ആദിയിൽ ഭാര്യയെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്. അല്ലേലും ഒരു അത്യാവശ്യത്തിന് ഇവളെ വിളിച്ചാൽ കിട്ടില്ലല്ലോ. എന്ന് ദേഷ്യത്തോടെ ഓർത്തുകൊണ്ട് പെട്ടെന്നുള്ള ലീവിന് എഴുതിക്കൊടുത്തു ടിക്കറ്റ് ബുക്ക് ചെയ്തു ഗൾഫിൽ നിന്ന് നാട്ടിലേക്ക് കയറുമ്പോൾ സ്നേഹിക്കാൻ മാത്രം അറിയുന്ന അമ്മയുടെ മുഖം നെഞ്ചിൽ ഇങ്ങനെ പിടഞ്ഞുനിന്നു.
ഫ്ലൈറ്റിൽ കയറുന്നതിനു മുൻപും അവളെ ഒന്ന് വിളിച്ചു നോക്കിയ പരിധിക്ക് പുറത്താണ് എന്ന് വല്ലാതെ ചൊടിപ്പിച്ചു വിവരം എന്താണെന്ന് അറിയാനുള്ള ആദിയോടെ ചേട്ടനെ ഒന്നുകൂടെ വിളിച്ചു.ആള് ഫോൺ കട്ട് ആകുകയും ചെയ്തതോടെ ഒന്നു ഉറപ്പിച്ചു അമ്മ ഇനി ഇല്ല. ആ തണൽ മാഞ്ഞിരിക്കുന്നു ഇനി അമ്മ എന്ന് വിളിച്ച് ഓടിച്ചെല്ലാൻ ഇനി ആരുമില്ല . ആ ചുളിഞ്ഞ വിരലുകൾ മുടിയഴകളെ തഴുകുമ്പോൾ കിട്ടുന്ന സ്നേഹത്തിൻറെ ഒരു അനുഭൂതി ഇനി ഒരിക്കലും കിട്ടില്ല.
പഴയ ഓർമ്മകളെ നെഞ്ചോട് ചേർത്ത് സീറ്റിലേക്ക് ചാരി കിടന്നു. നെടുമ്പാശ്ശേരിയിൽ ഇറങ്ങി വീട്ടിലേക്കുള്ള യാത്രയിലും അമ്മ മാത്രമായിരുന്നു മനസ്സിൽ. നീയൊന്ന് കര പറ്റിയിട്ട് വേണം എനിക്ക് ഒന്ന് കണ്ണടയ്ക്കാൻ എന്ന് വിഷമത്തോടെ പറയുന്ന അമ്മ. പെണ്ണ് കെട്ടുമ്പോൾ പൊന്നല്ല മോനേ പെണ്ണിൻറെ മനസ്സാണ് പൊൻ തൂക്കം എന്ന് പറഞ്ഞു പെണ്ണിനെ മാത്രം മതി എന്ന് വാശിപിടിച്ച അമ്മ. കഴിക്കാൻ മാത്രം അറിയുന്ന ആ അമ്മയും ഇപ്പോൾ, ഓർമ്മകളിലൂടെയുള്ള സഞ്ചാരം നിന്നത് വീട്ടുപടിക്കൽ എത്തിയപ്പോൾ ആയിരുന്നു.