മോനെ നീ പാലാക്ക് പോകുന്ന കാര്യം അച്ഛനോട് പറഞ്ഞായിരുന്നോ.പിറ്റേന്ന് ജോലിക്ക് പുറപ്പെടുന്ന മകന്റെ ബാഗ് പാക്ക് ചെയ്യുമ്പോൾ കമല വിഷ്ണുവിനോട് ചോദിച്ചു. ഹോ ഞാനൊന്നും പറയാൻ പോയില്ല ഈ കുടുംബവുമായി യാതൊരു ഉത്തരവാദിത്വവുമില്ലാതെ മദ്യപിച്ച് ലക്കിട്ടു കിടക്കുന്ന ആ മനുഷ്യനോട് പറഞ്ഞിട്ട് എന്തിനാണ്. വിഷ്ണു അമർഷത്തോടെ ചോദിച്ചു. എന്നാലും മോനെ അത് നിന്റെ അച്ഛനല്ലേ നീ ഒരു നല്ല കാര്യത്തിന് പോവുകയല്ലേ അദ്ദേഹത്തിന്റെ അടുത്ത് പോയി അനുഗ്രഹം വേടിക്ക്. വെറുതെ ഗുരുത്ത ദോഷം പേടിച്ചു വയ്ക്കേണ്ട. ദേ അമ്മേ എനിക്ക് അമ്മയുടെ പ്രാർത്ഥന മാത്രം മതി ഞാൻ പോകുന്നത് എൻട്രൻസ് കോച്ചിങ്ങിന് ഒന്നുമല്ലല്ലോ.
റബ്ബർ വെട്ടാൻ അല്ലേ.അമ്മയ്ക്ക് അറിയാമോ എന്റെ കൂട്ടുകാരൊക്കെ അഞ്ചാറു കൊല്ലം കഴിയുമ്പോൾ പഠിച്ച് വല്ല ഡോക്ടറും എഞ്ചിനീയർമാരൊക്കെ ആവും. അപ്പോഴും ക്ലാസിലെ ടോപ്രായ ഞാൻ റബർ ഷീറ്റും ചുമന്ന് നടക്കുകയാവും.എന്റെ കാര്യത്തിൽ അച്ഛൻ കുറച്ചെങ്കിലും ശ്രദ്ധ കാണിച്ചിരുന്നെങ്കിൽ ഞാൻ ഈ ഡബറ് ടാപ്പിങ്ങിന് പോകേണ്ട വല്ല ആവശ്യമുണ്ടായിരുന്നോ. വിഷ്ണുവിന്റെ സ്വരത്തിൽ നിരാശ ഉണ്ടെന്ന് കമല തിരിച്ചറിഞ്ഞു. മോൻ ഇങ്ങനെ സങ്കടപ്പെടേണ്ട നമ്മെപ്പോലെ ഗതിയില്ലാത്തവർക്ക് പറഞ്ഞിട്ടുള്ളതല്ല ഡോക്ടറും എൻജിനീയറും ഒന്നും.
അതൊക്കെ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്കാണ്.എന്റെ അമ്മേ എനിക്ക് പഠിക്കാൻ വേണ്ടത് വെറും 2 ലക്ഷം രൂപയാണ്. അല്ലാതെ അച്ഛന്റെ ആശിർവാദം അല്ല. തലയിൽ കൈവെച്ച് പ്രാർത്ഥിക്കാൻ എല്ലാവർക്കും കഴിയും. അച്ഛൻ ഇത്രയും കാലം കുടിച്ചുതീർത്ത കാശു ഉണ്ടായിരുന്നെങ്കിൽ എനിക്കും പഠിച്ച് ഒരു ഡോക്ടർ ആവാമായിരുന്നു അമ്മേ. അമ്മ പറഞ്ഞില്ലേ വായിൽ വെള്ളക്കരണ്ടിയുമായി ജനിക്കുന്നവർക്ക് ഡോക്ടർ ആവാൻ പറ്റുമെന്ന്. പക്ഷേ എന്റെ കൂട്ടുകാരൊക്കെ നമ്മളെപ്പോലെ സാധാരണക്കാരാണ് അമ്മേ.പക്ഷേ അവർക്കൊക്കെ മക്കളുടെ കാര്യത്തിൽ ഉത്തരവാദിത്വമുള്ള ഒരു അച്ഛനുണ്ട്.
അല്ലാതെ നാടിനും വീടിനും ഉപയോഗമില്ലാത്ത മൊഴി കൂടിയാനായ അമ്മയുടെ ഭർത്താവിനല്ല. വിഷ്ണു നീ പറഞ്ഞു അതിരുകടന്നോ? എത്ര കൊള്ളരുതാത്തവൻ ആണെങ്കിലും അദ്ദേഹം കൊണ്ട് തന്നിട്ടാണ് ഇവിടുത്തെ ചെലവ് കഴിയുന്നത്. ഓ പിന്നെ റേഷൻ കടയിൽ നിന്ന് കിട്ടുന്ന അരിയും ഗോതമ്പും പഞ്ചസാരയും ഒക്കെ അറ്റം കൊണ്ടുവന്നിട്ടാണ് എന്ന് ഞാൻ അറിഞ്ഞില്ല. അമ്മ എത്രയൊക്കെ ന്യായീകരിച്ചാലും ശരി അച്ഛൻ എപ്പോഴും എന്റെ ശത്രു തന്നെയായിരിക്കും.അമ്മയോട് ദേഷ്യപ്പെട്ട് പുറത്തേക്ക് ഇറങ്ങുമ്പോൾ ഇളംതൂണിൽ ചാരി നിന്ന് കട്ടൻചായ മുത്തി കുടിക്കുന്ന അച്ഛനെ കണ്ടു.