മല്ലുസ് സ്റ്റോറീസിലേക്ക് സ്വാഗതം സുനിൽ തൃശ്ശൂർ. നാലുവർഷം ഒരു വീട്ടിൽ ഉണ്ടായിട്ടും ഒരച്ചനോട് നിങ്ങൾ മിണ്ടാതിരുന്നിട്ടുണ്ടോ തമ്മിൽ കാണുമ്പോൾ കണ്ണുകൾ അറിയാതെ ഉടക്കുമ്പോൾ അപരിചിതരെപ്പോലെ കണ്ടില്ലെന്ന് നടിച്ചു പോകേണ്ടി വന്നിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ ഞാനും എൻറെ അച്ഛനും ചേച്ചിയുടെ വിവാഹത്തോടെയാണ് വീട്ടിൽ ശരിക്കും ഞങ്ങൾ ഒറ്റപ്പെട്ടത്. പതിനഞ്ചാം വയസ്സിൽ അമ്മ നഷ്ടപ്പെട്ടപ്പോൾ ഒരു അമ്മയുടെ സ്നേഹവും പരിചരണവും ശ്വാസനയും നൽകി ചേച്ചി കൂടെയുണ്ടായിരുന്നു അതുകൊണ്ട് ആ വിഷമം അത്രയ്ക്ക് അറിഞ്ഞിരുന്നില്ല.
ആ 17കാരിയുടെ പക്വത കണ്ടു അയൽവാസികൾ വരെ അതിശയിച്ചിട്ടുണ്ട്.
അമ്മയുള്ളപ്പോൾ മടിച്ചി ആയിരുന്നു ചേച്ചിക്ക് ഇത്ര പെട്ടെന്ന് എങ്ങനെ മാറാൻ സാധിച്ചു എന്ന് എനിക്കും അത്ഭുതമായിരുന്നു. അമ്മയുടെ മരണശേഷം ഞങ്ങൾക്ക് താങ്ങ് ആകേണ്ട അച്ഛൻ മദ്യത്തിന് അടിമപ്പെട്ടപ്പോൾ അച്ഛനെ തൻറെ സ്ഥാനം പോലും മറന്ന് ശാസിച്ചിരുന്നു ചേച്ചി. കൂലിപ്പണിക്കാരനായ അച്ഛൻറെ വരുമാനത്തിൽ പാതി മദ്യത്തിനായി പോയപ്പോൾ രണ്ടുപേരുടെയും പഠിപ്പും വീടും ചെലവും നടത്താൻ ചേച്ചി നന്നായി പാടുപെട്ടു. ഒടുവിൽ തന്റെ പഠനം പാതിയിൽ ഉപേക്ഷിച്ച് ഈ അനിയന് വേണ്ടി ചേച്ചി വഴിയൊതുങ്ങിയപ്പോൾ തുടങ്ങിയതായിരുന്നു ആ അച്ഛനോടുള്ള ദേഷ്യം.
മദ്യലഹരി അച്ഛൻറെ സിരകളിൽ അളവിൽ അധികം വേണ്ടി വന്നപ്പോൾ വീട്ടിൽ പട്ടിണിയില്ലാതെ ഇരിക്കാൻ തയ്യൽ മെഷീനെ കൂട്ടുപിടിച്ചു ചേച്ചി. കൂട്ടുകാരോടൊപ്പം സ്കൂൾ വിട്ടു വരുമ്പോൾ ബാറിനടുത്ത് ആളൊഴിഞ്ഞ കടത്തിണ്ണയിൽ ഉടുത്തിരിക്കുന്ന തുണിയെ സ്വതന്ത്രനാക്കി തുള വീണ വരയൻ നിക്കറും കാട്ടി രാജകീയമായി ഉറങ്ങുന്ന ഒരാളെ കാട്ടി ദാണ്ടെടാ ഇവൻറെ അച്ഛനാ അത് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് അവർ കളിയാക്കുമ്പോൾ തലയും താഴ്ത്തി നടന്നിട്ടേ ഉള്ളൂ. കൂട്ടുകാരുടെ പരിവാസം അതൊരു തുടർക്കഥയായപ്പോൾ പഠനം എന്ന സ്വപ്നം പ്ലസ് ടു എന്നതു മുഴുപ്പിക്കാതെ നിർത്തേണ്ടി വന്നു.