മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. രചന സെബിൻ ബോസ് ജെ. എന്താ കാര്യം… തടിച്ച കണ്ണട വെച്ച മാനേജർ സ്ത്രീ തന്റെ ക്യാബിനിലേക്ക് കയറിവന്ന മെലിഞ്ഞ മനുഷ്യനെ കണ്ണടയ്ക്കിടയിലൂടെ സൂക്ഷിച്ചുനോക്കി. വിദ്യാഭ്യാസ ലോൺ അടയ്ക്കാൻ വന്നതാണ്. അത് അവിടെ ക്യാഷിൽ അടച്ചാൽ പോരെ. നിങ്ങൾക്ക് അറിയാവുന്നതല്ലേ ആദ്യമായിട്ടൊന്നും അല്ലല്ലോ… അയാൾ പറഞ്ഞു തീരുന്നതിനു മുൻപ് അവരുടെ ബലിഷ്യമായ സ്വരം ഉയർന്നിരുന്നു. അതല്ല സാറേ ആറുമാസം കൊണ്ട് അടവ് തീരും.മ്മ്… എന്നാ പറ്റി എന്നിട്ട് അടവുമുടങ്ങിയോ.. എടുക്കുമ്പോൾ അറിയത്തില്ലായിരുന്നോ… ലോൺ എടുത്താൽ തിരിച്ചടയ്ക്കണമെന്ന്. ആർക്കുവേണ്ടി എടുത്തതാ, മോൾക്ക് വേണ്ടിയാ… ആറുമാസം കുടി കഴിഞ്ഞാൽ അവളുടെ കോഴ്സ് കഴിയുമായിരുന്നു. എന്നിട്ട് എന്നാ ഇപ്പൊ കുഴപ്പം…
പെണ്ണ് ആരുടെയെങ്കിലും കൂടെ ഒളിച്ചോടിയോ… ഇപ്പോഴത്തെ കാലം അങ്ങനെയാണ് കാരണവമാർ കഷ്ടപ്പെട്ട് പഠിപ്പിക്കും പിള്ളേര് ഇഷ്ടമുള്ളവന്മാരുടെ കൂടെ ഇറങ്ങിപ്പോകും. എന്നിട്ട് ലോൺ അടയ്ക്കാതെ വരുമ്പോൾ ഞങ്ങൾ തൂങ്ങണം. വളർത്തു ദോഷം ഞങ്ങൾക്ക് അതൊന്നും അറിയേണ്ട. ലോൺ എടുത്തത് ആണെങ്കിൽ അടച്ചിരിക്കണം അല്ലെങ്കിൽ ജാമ്യം നൽകിയ വസ്തു ഞങ്ങൾ ജപ്തി ചെയ്യും. മാനേജർ പിറുപിറുത്തുകൊണ്ട് ഫയലിലേക്ക് മുഖം പൂഴ്ത്തി. അയ്യോ… അതല്ല സാറേ…
ഇതുവരെ കുടിശിക വരുത്തിയിട്ടില്ല. ബാക്കി മുടങ്ങാതെ അടച്ചോളാം. ഏഹ്…. പിന്നെ ചേട്ടൻ എന്തിനാ ഇങ്ങോട്ട് വന്നേ.. മാനേജർ ഫയൽ മടക്കി വെച്ചിട്ട് സൂക്ഷ്മതയോടെ അയാളെ നോക്കി. എനിക്ക് കുറച്ചു പൈസ കൂടി വേണമായിരുന്നു. അയാൾ ഒരു പരുങ്ങലോടെ പറഞ്ഞു. എന്തിന്… മോളെ ഹയർ സ്റ്റഡീസിന് വെല്ലും വിടാൻ ആണോ? ഇല്ല.. അതേ.. അല്ല അയാൾ മറുപടി പറയാൻ കുഴങ്ങി. എന്താ ചേട്ടൻറെ പ്രശ്നം ചേട്ടൻ കാര്യം പറഞ്ഞേ… മാനേജർ തടിച്ച കണ്ണട ഊരി മേശപ്പുറത്ത് വെച്ച് ചിരിച്ചപ്പോൾ അയാൾക്ക് തെൽ ഒരു ആശ്വാസമായി എന്ന് തോന്നി.
അത് പിന്നെ സാറേ…. പേടിക്കൊന്നും വേണ്ട കാര്യം പറഞ്ഞോ. എന്നെക്കൊണ്ട് പറ്റുന്നത് ആണെങ്കിൽ ഞാൻ ഹെല്പ് ചെയ്യാം. അത് പിന്നെ സാറേ… അപ്പുറത്തെ കണക്ക് എഴുതുന്ന മേരി സാറിന് എന്നെ അറിയാവുന്നതാണ് നാട്ടുകാരിയാണ് മേരി സാറിനോട് പറഞ്ഞപ്പോഴാണ് ഇവിടെ സാറിനോട് സംസാരിക്കാൻ പറഞ്ഞത്. എനിക്ക് ഈ ലോൺ ഒന്ന് പുതുക്കി തരാമോ?. വിദ്യാഭ്യാസ ലോൺ എന്തിനാണ് പുതുക്കുന്നെ അത് പുതുക്കണമെങ്കിൽ വേറെ കോഴ്സ് ചെയ്യേണ്ടേ നിങ്ങൾ മുക്കാൽ ഭാഗവും തിരിച്ചടച്ചു കഴിഞ്ഞു. കോഴ്സ് തീർന്നാൽ മോള് ജോലിക്ക് കയറി ആറുമാസത്തിനകം അടച്ചാൽ മതി എന്നാണ് ഇവിടുന്ന് പറഞ്ഞിരുന്നത്.