മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം, രചന സുജ അനൂപ്. കല്യാണം കഴിഞ്ഞിട്ട് മാസം ഒന്നേ ആകുന്നുള്ളൂ.. അതിനു മുന്നേ ഗർഭിണിയായോ! കൊച്ച് നിൻറെ തന്നെയാണോ എന്ന് ഉറപ്പുണ്ടോ… അമ്മായിയമ്മയുടെ വാക്കുകൾ കാതുകളിൽ അല്ല ഹൃദയത്തിലാണ് തുളഞ്ഞ് കയറിയത്. വിശേഷം പറയുവാൻ ചെന്ന ഏട്ടന്റെ മുഖം പെട്ടെന്ന് മാറി. ഏട്ടൻ എന്നോട് പോലും ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി. വിവാഹം കഴിഞ്ഞ് വന്ന നാൾ മുതൽ എനിക്ക് ഒന്നിനും ഒരു കുറവ് വരാതെ ഏട്ടൻ കൂടെ നിന്നിട്ടേ ഉള്ളൂ. അമ്മയ്ക്ക് എന്നോട് ചെറിയൊരു താല്പര്യ കുറവ് ഉണ്ടായിരുന്നു. സ്ത്രീധനം കുറഞ്ഞുപോയി എന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു. എങ്കിലും ഞാൻ സഹിച്ചു. അപ്പനും അമ്മയ്ക്കും ഞങ്ങൾ രണ്ടു പെൺമക്കളാണ്.
അവർ രണ്ടുപേരുംകൂടി കൂലിപ്പണി ചെയ്തു നന്നായി തന്നെ ഞങ്ങളെ വളർത്തി. ബിരുദം കഴിഞ്ഞ ഉടനെ വന്നതാണ് ഏട്ടൻറെ ആലോചന. കമ്പനിയിൽ ചെറിയ ഒരു ജോലിയുണ്ട് അത്യാവശ്യം ചുറ്റുപാടൊക്കെയുള്ള കുടുംബമാണത്രെ, വേണ്ട എന്ന് ഞാൻ പറഞ്ഞു എങ്കിലും അമ്മയാണ് എന്നോട് പറഞ്ഞത് നിൻറെ വിവാഹം കഴിഞ്ഞാൽ അച്ഛനും അമ്മയ്ക്കും ഇത്തിരി ആശ്വാസം കിട്ടും മോളെ… രണ്ടാമത്തെ കുട്ടിയെ കെട്ടിക്കുവാൻ കുറച്ച് സാവകാശം ഞങ്ങൾക്ക് വേണമല്ലോ… രാത്രിയിൽ വന്നപ്പോൾ ഏട്ടൻ പറഞ്ഞു വിശേഷം ഉള്ളതല്ലേ ഇവിടെ നിനക്ക് സ്വസ്ഥത ഉണ്ടാവുകയില്ല നിന്നെ ഞാൻ വീട്ടിൽ കൊണ്ടുപോയി കുറച്ചുനാൾ നിർത്താം. പിറ്റേന്ന് തന്നെ വീട്ടിൽ ആക്കി ഏട്ടൻ തിരിച്ചുപോയി. കുറച്ചു വിഷമം തോന്നിയെങ്കിലും അമ്മയോടൊപ്പം നിൽക്കാം എന്നത് എനിക്ക് ആശ്വാസമായി. ദിനങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞുവീണു ഒരാഴ്ച കഴിഞ്ഞു ഏട്ടൻ വന്നില്ല എൻറെ സങ്കടം കണ്ടിട്ടാണ് അച്ഛൻ അത്തരിടം വരെ അന്വേഷിക്കാൻ ചെന്നത്.
തിരിച്ചുവന്ന് അച്ഛൻ പാടി തളർന്ന് ഉമ്മറപ്പടിയിൽ ഇരുന്നുപോയി അച്ഛൻറെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അമ്മ ചെന്ന് വിശേഷം തിരക്കി ഏട്ടൻറെ അമ്മ അച്ഛനെ അവിടെ നിന്നും ആട്ടി ഇറക്കി അത്രേ ഗർഭിണിയായ മകളെ ഏട്ടൻറെ തലയിൽ കെട്ടിവെച്ചു എന്നു പറഞ്ഞ്. അച്ഛന് അവിടെ കാലുപിടിച്ച് അപേക്ഷിച്ച് പോലും… കാല് തട്ടിമാറ്റിയ കൂട്ടത്തിൽ അവർ പറഞ്ഞത്രേ ആള് ആരെന്ന് അറിയില്ലെങ്കിൽ നിങ്ങൾ തന്നെയാകും മകൾക്ക് കുട്ടിയെ സമ്മാനിച്ചത് എന്ന്. അത് അച്ഛന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഞാൻ ഒത്തിരി കരഞ്ഞു ആരോടും ഒന്നും മിണ്ടാതെ രണ്ടുദിവസം കഴിച്ചുകൂട്ടി. അന്നത്തെ ദിവസത്തിനുശേഷം അച്ഛൻ പണിക്കു പോകുന്നു എന്നല്ലാതെ പുറത്തെങ്ങും ഇറങ്ങാതെയായി.