മല്ലു സ്റ്റോറീസ് സ്വാഗതം രചന സൂര്യകാന്തി താൻ കഴിച്ചു കഴിഞ്ഞിട്ടും ഗിരിഷ് പ്ലേറ്റിലെ ചോറിൽ വെറുതെ കയ്ഞ്ഞിട്ട് ഇളക്കി കൊണ്ടിരിക്കുന്നത് കണ്ടാണ് വിദ്യ അയാളുടെ ചുമലിൽ ഒന്ന് തട്ടിയത്. ആലോചനയിൽ നിന്നും ഞെട്ടിയത് പോലെ അവളെ ഒന്ന് നോക്കി ഗിരീഷ് പിന്നെ കൈയ്യ് പ്ലേറ്റിലേക്ക് കുടഞ്ഞ് എഴുന്നേറ്റുപോയി കൈ കഴുകി. പാത്രത്തിൽ ഒരു വറ്റുപോലും ബാക്കി വെക്കാത്ത ആളാണ് ഭക്ഷണം വെറുതെ കളയാൻ പാടില്ലെന്ന് എപ്പോഴും പറയാറുണ്ട്. ഇതുപോലെ രണ്ട് മൂന്നു ദിവസമായി ചോദിച്ചാൽ ഒന്നും തുറന്നുപറയത്തുമില്ല. ചാടിക്കടിക്കാനും വരും പക്ഷേ ആ മുഖത്ത് ഒരു ഭാവവ്യത്യാസം ഉണ്ടായാൽ പോലും തിരിച്ചറിയാൻ ആവുന്നതുകൊണ്ട് കാര്യം എന്തെന്ന് അറിയാതെ തനിക്ക് ഒരു സമാധാനവും ഉണ്ടാകാറില്ല.
കൂടെക്കൂടിയ കാലം മുതലേ പറയുന്നതാണ് മനസ്സിൽ ഉള്ളതൊക്കെ തുറന്ന് പറയാൻ. പണ്ടേ തന്നെ ടെൻഷനും പ്രയാസങ്ങളും ഒന്നും ആരോടും തുറന്നു പറഞ്ഞ് ശീലമില്ല എന്ന് അറിയാവുന്നതുകൊണ്ട് നിർബന്ധിച്ചിട്ട് കാര്യമില്ല. ഗിരീഷിന് പത്ത് പതിനഞ്ച് വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. പക്വത എത്തും മുൻപേ അമ്മയുടെയും ഇളയ സഹോദരങ്ങളുടെയും ജീവിതം ചുമലിൽ ഏറ്റിയതാണ് അതുകൊണ്ട് തന്നെ യാണ് ഗൾഫിൽ ജോലി ശരിയായതും കടൽ കടന്നതും ഏറ്റവും ഇളയ സഹോദരിയുടെ വിവാഹം കൂടി കഴിഞ്ഞിട്ട് മതി തന്റേത് എന്ന് വാശി പിടിച്ചതും ഗിരീഷ് തന്നെയായിരുന്നു.
പാലുചുരത്തി കൊണ്ടിരുന്ന പശുവിനെ വിൽക്കാൻ തങ്ങൾ ആയിട്ട് ഒരു അവസരം ഉണ്ടാക്കേണ്ട എന്ന് ഓർത്തിട്ടാകും അമ്മ അല്ലാതെ മറ്റാരും വിവാഹത്തിന് നിർബന്ധിച്ചതും ഇല്ല. എല്ലാവരെയും മനസ്സിലാക്കിയത് കൊണ്ടായിരിക്കണം വയ്യാതെ കിടക്കുന്ന അമ്മ മരിക്കുന്നതിനു മുൻപ് മൂത്ത മകൻറെ വിവാഹം കാണണമെന്ന് നിർബന്ധം പിടിച്ചതും. അങ്ങനെയാണ് ശ്രീവിദ്യ ഗിരീഷിന്റെ ജീവിതത്തിലേക്ക് എത്തുന്നത്. വിവാഹ കമ്പോളത്തിൽ സാമ്പത്തികശേഷി കുറവുള്ള വീട്ടിലെ സൗന്ദര്യത്തിന്റെ നിർവചനങ്ങളിൽ കുറവുണ്ടായിരുന്നു.
കുറവുണ്ടായിരുന്ന ഏട്ടത്തിയെ ഒഴിവാക്കി കാണാൻ കൊള്ളാവുന്ന അനിയത്തിയെ കാണിക്കാനാണ് ഗിരിയെ ബ്രോക്കർ വാസു കൂട്ടിക്കൊണ്ടുപോയത്. മൂത്തതിനേക്കാൾ കാണാൻ നല്ലതും പഠിപ്പും ഇളയതിനാണ്. കുറേ ആലോചന ഞാൻ തന്നെ കൊണ്ടുവന്നതാണ് എല്ലാവർക്കും അനിയത്തിയെ മതി. ഇതുവരെയും മൂത്തതിന്റെ കഴിഞ്ഞിട്ടേയുള്ളൂ എന്ന് പറഞ്ഞിരുന്നതാണ്. വീട്ടിലേക്ക് കയറുന്നതിനു മുൻപ് ബ്രോക്കർ വാസുവേട്ടൻ ഗിരീഷിന് മുന്നറിയിപ്പ് കൊടുത്തു.