മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം ,രചന സിന്ധു കിഴക്കേ വീട്ടിൽ, വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നതായിരുന്നു. എട്ട് വർഷം മുൻപ് ഹാർട്ടിന് ബ്ലോക്ക് ഉണ്ടായതിൽ ബൈപ്പാസ് സർജറി കഴിഞ്ഞതായിരുന്നു. അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ വരണമായിരുന്നു. ഇപ്പോൾ അത് ആറുമാസം കൂടുമ്പോൾ ആയി. സാധാരണ വന്നാൽ ചെക്കപ്പ് ഒക്കെ കഴിഞ്ഞ് വൈകിട്ട് നാലുമണി ആകുമ്പോൾ തിരിച്ചു പോവുകയാണ് പതിവ്. ഇന്ന് പക്ഷേ ഇ സി ജി എടുത്തപ്പോൾ വേരിയേഷൻ ഉണ്ടെന്ന് പറഞ്ഞ് എക്കോ ടെസ്റ്റ് ചെയ്തു അത് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു രണ്ടുദിവസം ഇവിടെ കിടക്കട്ടെ. ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് പറയാം എന്ന്. അച്ഛന് ഐസിയുവിൽ ആക്കിയ ശ്യാമയെ വിളിച്ച് അറിയിച്ചു.
അത് കേട്ടപാടെ അവൾക്ക് വേവലാതി ആയി. മക്കൾ സ്കൂൾ വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതെയാവുകയില്ലേ. സാധാരണ അച്ഛനാണ് അവരുടെ കാര്യങ്ങളൊക്കെ നോക്കുന്നത്.ശ്യാമ ഓഫീസിൽ നിന്നും കുറച്ചു നേരത്തെ ഇറങ്ങാം എന്നു പറഞ്ഞു. അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമക്ക് വലിയ ഒരു സഹായം ആയിരുന്നു. മക്കളെ ഒരുക്കി സ്കൂളിൽ വിടുന്നതും അവരെ പഠിപ്പിക്കുന്നതും ഒക്കെ അച്ഛനാണ്. അപ്പോഴാണ് ഐ സി യു വിന്റെ ഉള്ളിൽ നിന്നും സിസ്റ്റർ പുറത്തേക്ക് വന്നു ചോദിച്ചത്, രാമചന്ദ്രന്റെ കൂടെയുള്ളവർ ആരാണ്.. ഞാനാ സിസ്റ്റർ… ഞാൻ എഴുന്നേറ്റ് നിന്നു ഒരു ചീട്ട് കയ്യിൽ തന്നിട്ട് പറഞ്ഞു ഇതിൽ കാണുന്ന മരുന്ന് ഫാർമസിയിൽ നിന്നും വാങ്ങണം .പിന്നെ അവർക്ക് കഴിക്കാൻ ലൈറ്റ് ആയിട്ട് എന്തെങ്കിലും വാങ്ങണം എന്ന് പറഞ്ഞ് സിസ്റ്റർ പോയി.
ഞാൻ നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു.ദാ… ആ കാണുന്ന ബ്ലോക്കിലാണ് ഫാർമസി… അത് എനിക്ക് അറിയാം പക്ഷേ ചായ, ചായ വാങ്ങിക്കാൻ ഫ്ലാസ്ക് ഒന്നും കയ്യിലില്ല. അച്ഛനെ കൊണ്ട് ചെക്കപ്പിന് വന്നതായിരുന്നു ഒന്നും കൈയ്യിൽ കരുതിയിട്ടില്ല. ഫ്ലാസ്ക് വേണമെങ്കിൽ എൻറെ കയ്യിൽ ഉണ്ട് സാറേ അതും പറഞ്ഞ് മുറിയിലേക്ക് പോയി, കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഫ്ലാസ്കുമായി വന്ന് എന്റെ നേർക്ക് നീട്ടി ഞാനും വാങ്ങിക്കാൻ മടിക്കുന്നത് കണ്ടപ്പോൾ അയാൾ പറഞ്ഞു ഇത് പുതിയതാ വാങ്ങിയിട്ട് ഞങ്ങൾ ഉപയോഗിച്ചിട്ടില്ല. എൻറെ അപ്പച്ചന് ഇടയ്ക്കിടെ കട്ടൻ കുടിക്കുന്ന ശീലം ഉണ്ട് പഴയ ഒരു ഫ്ലാസ്ക് ഉണ്ടായിരുന്നു അതിൽ വാങ്ങിക്കൊണ്ടുവന്നാൽ ചൂട് കുറവാണ് എന്നും പറഞ്ഞു വാങ്ങിയത് ആണ്. ഇത് ഉപയോഗിക്കേണ്ടി വന്നില്ല. അപ്പോഴേക്കും അപ്പച്ചനെ ഐ സി യു യിലേക്ക് ആക്കി.