മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന സിന്ധു കിഴക്കേ വീട്ടിൽ. ഹോ.. എന്താ ചൂട്, പൂമുഖത്തുള്ള ബാൽക്കണിയിൽ നിന്നും വെള്ളം എടുത്ത് മുഖം കഴുകിക്കൊണ്ട് മാധവൻ മാഷ് പറഞ്ഞു. ഇതെവിടെ പോയി ഞാൻ സാധാരണ എവിടെയെങ്കിലും പോയി വൈകിയാൽ ഇവിടെ ഉമ്മറത്ത് ഇരിക്കാറുണ്ടല്ലോ അകത്തേക്ക് നോക്കി മാധവൻ മാഷ് വിളിച്ചുപറഞ്ഞു. ദേവി ഒരു ഗ്ലാസ് സംഭാരം എടുത്തേ എന്തൊരു വെയില്…. ഞാനാണെങ്കിൽ കൂടെയും എടുക്കാൻ മറന്നു. ശ്രീദേവി ഇനി തൊഴുത്തിൽ പോയി പശുക്കിടാവിനോട് കിന്നാരം പറഞ്ഞ് ഇരിക്കുന്നുണ്ടാകുമോ… മാഷ് തോഴത്തിന് അരികിലേക്ക് നടന്നു. ഇതെന്താപാ ഇവിടെ ഇല്ലല്ലോ… അപ്പോഴാണ് അടുക്കളയിലെ റേഡിയോയിൽ നിന്നും ആകാശവാണിയുടെ വാർത്ത വായിക്കുന്നത് കേട്ടത്.
ഹോ എന്തെങ്കിലും പണി തിരക്കിൽ ആയിരിക്കും റേഡിയോ ശബ്ദം കൊണ്ട് കേൾക്കാത്തതായിരിക്കും അടുക്കളയിലെത്തിയപ്പോഴേക്കും ചോറും വാർത്തു വച്ചിട്ടുണ്ട് പാവയ്ക്ക അരിഞ്ഞ് പകുതിയാക്കിയിട്ടുണ്ട്. ശെടാ ഇവളിത് എവിടെ പോയതാ? ചിലപ്പോൾ കുറച്ചുനേരം കിടക്കാം എന്ന് കരുതി മുറിയിൽ പോയി കിടന്നിട്ട് ഉണ്ടാവും. രണ്ടു ദിവസമായിട്ട് അവൾക്ക് തീരെ രാത്രി ഉറക്കം കിട്ടുന്നില്ല എന്ന് പറയുന്നുണ്ടായിരുന്നു. വാതിൽ തുറന്നു വെച്ച് അവൾ പോയി കിടക്കുമോ… ചില നേരത്ത് ഇത് കുട്ടികളുടെ സ്വഭാവമാ.. മുറിയിലേക്ക് പോകാൻ ഒരുങ്ങിയതും പൂജാമുറിയിൽ ശ്രീദേവി ഇരിക്കുന്നത് കണ്ട് മാഷ് പറഞ്ഞു എന്താ ദേവി വന്നുവന്ന് പ്രാർത്ഥിക്കുന്നതിന് നേരവും കാലവും ഇല്ലാതെയായോ. ഞാൻ എത്ര നേരം വിളിച്ചത് നീ കേട്ടില്ലേ…
ദേവി എന്ന് പറഞ്ഞ ശ്രീ ദേവിയുടെ ചുമലിൽ കൈവച്ചതും ശ്രീദേവി മാഷിന്റെ കാൽക്കലേക്ക് വീണു… ദേവി.. എന്താ പറ്റിയത്, എന്റെ ഭഗവാനെ…. ദൈവത്തിൻറെ മുൻപിൽ വെച്ച ആ കിണ്ടിയിൽ നിന്നും വെള്ളം എടുത്തു മുഖത്ത് തെളിച്ചു. കുലുക്കി വിളിച്ചിട്ടും ശ്രീദേവി അറിയുന്നില്ല… മാധവൻ മാഷ് വിളിക്കുന്ന കാലുകളുടെ പുറത്തേക്കു ഓടി.. ആരെയും കാണുന്നില്ലല്ലോ ഈശ്വരാ പശുക്കൾ ഉണ്ടായിരുന്നപ്പോൾ ഇപ്പോഴും തൊടിയിലും പറമ്പിലും ആയി കുഞ്ഞാപ്പു ഉണ്ടാകുമായിരുന്നു. മൊബൈൽ എടുത്തു.. മാധവൻ മാഷ് പക്ഷേ നമ്പർ ഡയൽ ചെയ്യാൻ കഴിയുന്നില്ല. കണ്ണിൽ ഇരുട്ടു കയറുന്നതുപോലെ തോന്നി. മാഷ് ഗേറ്റ് തുറന്നു കൊണ്ട് റോഡിലേക്ക് ഇറങ്ങി. ഉച്ചനേരം ആയതുകൊണ്ട് ആരെയും കണ്ടില്ല. ഇടറുന്ന കാലുകളോടെ കുറച്ച് മുന്നോട്ട് നടന്നപ്പോൾ പോസ്റ്റുമാൻ സുദേവൻ സൈക്കിളിൽ വരുന്നത് കണ്ടു.