മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന സുജ അനുപ്. അമ്മേ.. എനിക്ക് ഒരു കഷ്ണം മീൻ തരുമോ? തവി കൊണ്ട് തലയ്ക്ക് ഒരു അടി കിട്ടിയത് മാത്രം മിച്ചം നിൻറെ തള്ള ഇവിടെ ഉണ്ടാക്കി വെച്ചിട്ടുണ്ടോ…. അവൾക്ക് മീൻ തിന്നണം പോലും. കിട്ടുന്ന കഞ്ഞി കുടിച്ചിട്ട് പോയി പശുവിനെ പുല് അരിഞ്ഞു കൊടുക്ക് അശ്രീകരമേ.. ഈശ്വരാ ഈ വൃത്തികെട്ടതിന്റെ കണ്ണുകിട്ടി എന്റെ കുഞ്ഞിന് ദീനം ഒന്നും വന്നേക്കല്ലേ. രണ്ടാനമ്മ പറഞ്ഞ വാക്കുകൾ തുഴഞ്ഞു കയറിയത് എൻറെ മനസ്സ് ആണ്. തലതിരുമി അവിടെ നിന്നും എഴുന്നേൽക്കുമ്പോൾ മനസ്സ് നിറയെ വിങ്ങൽ ആയിരുന്നു. പന്തിയിൽ എന്നും പക്ഷഭേദമാണ്.
ഒരു നേരംപോലും വയറു നിറയെ ഉണ്ടിട്ടില്ല. അടുത്തിരുന്നു ഉണ്ണുന്ന സഹോദരങ്ങളുടെ പാത്രത്തിൽ വലിയ മീൻ കഷണം കിടപ്പുണ്ട് അത് നോക്കിയപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു. എൻറെ അമ്മ ഉണ്ടായിരുന്നുവെങ്കിൽ.. അമ്മയുടെ മുഖം പോലും എനിക്ക് ഓർമ്മയില്ല. രണ്ടാനമ്മയെ എത്രമാത്രം സ്നേഹിക്കുവാൻ ശ്രമിക്കുമ്പോഴും അവർക്ക് ഞാൻ ശത്രുവാണ് എന്നും വീട്ടിൽ നല്ല കറികൾ ഉണ്ടാകും അതൊന്നും എനിക്ക് കിട്ടില്ല.. എല്ലുമുറിയെ പണിയെടുത്താലും കിട്ടുന്നത് തല്ലും ശകാരവും മാത്രമാണ്. മീൻ കറി ഉണ്ടാക്കുന്ന ദിവസം അമ്മ കറിയിൽ പച്ചമുളക് കുറച്ച് നെടുങ്ങനെ അരിഞ്ഞ് അങ്ങ് ഇടും.
അത് എനിക്കുള്ളതാണ് .അത് ഇല്ലാത്ത ദിവസം മുളകു ചമ്മന്തി മാത്രം. അച്ഛൻ ഒരിക്കൽ പോലും ഞാൻ ഇവിടെ എങ്ങനെ കഴിയുന്നു എന്ന് അന്വേഷിച്ചിട്ടില്ല. രണ്ടാനമ്മയുടെ രണ്ടു മക്കളും വയറു നിറയെ ഉണ്ണുമ്പോൾ എനിക്ക് അരവയറു നിറയ്ക്കുവാൻ മാത്രം ഭക്ഷണം തരുന്നു. പഠനം എല്ലാം പത്താം ക്ലാസോടെ അവർ നിർത്തിച്ചു. എത്രയോ വട്ടം എൻറെ കയ്യിൽ അവർ ചട്ടകം വെച്ച് പൊള്ളിച്ചിരിക്കുന്നു. മരിക്കുവാൻ എത്ര തവണ ശ്രമിച്ചു അപ്പോൾ ഒക്കെ ഏതോ ഒരു അദൃശ്യ ശക്തി എന്നെ താങ്ങി നിർത്തി.
ബാലേട്ടാ നമ്മുടെ വിന്ദുവിന് ഒരു ആലോചന വന്നിട്ടുണ്ട് വലിയ കുടുംബമാണ് നമുക്കങ്ങ് നടത്തിയാലോ… എനിക്ക് കേട്ടത് വിശ്വസിക്കാൻ പ്രയാസം തോന്നി. എൻറെ ഭാര്യ തന്നെയാണോ ഈ പറയുന്നത്… എൻറെ ആദ്യ ഭാര്യയിലെ മകളെ അവൾക്ക് ഇഷ്ടമല്ല… നല്ല ഒരു ആലോചന വന്നാൽ അവൾ തൻറെ സ്വന്തം മക്കൾക്ക് നൽകാതെ അവൾ അത് വിന്ദുവിന് കൊടുക്കുമോ.. എന്തായിരിക്കും കാര്യം…. ഇന്ന് ആ ബ്രോക്കർ വന്നിരുന്നു, ഞായറാഴ്ച പെണ്ണ് കാണാൻ വരട്ടെ എന്ന് ചോദിച്ചു നമുക്കൊന്ന് അന്വേഷിച്ചിട്ട് പോരേ..