മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന ശ്യാം കല്ലുകുഴിയിൽ. പതിവിൽ നിന്നും വിപരീതമായ അന്ന് രാവിലെ അമ്മ വിളിക്കാതെ തന്നെ കണ്ണുതുറന്നു. അടുത്തു കിടന്നു അനിയനെ കാണാതെ ആയപ്പോഴാണ് കണ്ണും തിരുമ്മി അടുക്കളയിലേക്ക് ചെന്നത്. എന്നും രാത്രിയിലുള്ള അച്ഛൻറെ ഉപദ്രവങ്ങളുടെ മുന്നിൽ ഒന്നും മിണ്ടാതെ കണ്ണുകളുടെ നിൽക്കുന്ന അമ്മയുടെ ദേഷ്യവും സങ്കടം തീർക്കുന്ന അടുക്കള പോലും അന്ന് നിശബ്ദമായിരുന്നപ്പോഴാണ് മനസ്സൊന്ന് പിടഞ്ഞത് .ചാരി ഇരുന്ന അടുക്കള വാതിൽ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആദ്യം കണ്ണുകൾ എത്തിയത് തേഞ്ഞു തീർന്ന അമ്മയുടെ ചെരുപ്പുകൾ മുറ്റത്ത് കിടക്കുന്നുണ്ടോ എന്നായിരുന്നു.
അമ്മയുടെയും അനിയന്റെയും ചെരുപ്പുകൾക്കിടയിൽ ഉണ്ടായിരുന്ന എൻറെ ചെരുപ്പ് മാത്രം കിടക്കുന്നത് കണ്ടപ്പോൾ എന്തെന്നില്ലാത്ത കരച്ചിലാണ് വന്നത്. അടുക്കള മുറ്റവും കഴിഞ്ഞ് റോഡിലേക്കുള്ള ഇടവഴിയിൽ ഓടുമ്പോൾ ആണ് വെള്ളയിൽ കറുത്ത പുള്ളികൾ ഉള്ള ആ നരച്ച സാരി ഉടുത്തമ്മ ഓട്ടോറിക്ഷയിലേക്ക് കയറുന്നത് കണ്ടത്. ആരോ പിടിച്ചു വലിച്ചത് പോലും മുന്നോട്ടു പോകാൻ കഴിയാതെ വേലു കമ്പിയിൽ പിടിച്ചു നിൽക്കുമ്പോൾ പുറത്തേക്ക് വരാതെ തൊണ്ടയിൽ കരച്ചിൽ കുടുങ്ങിപ്പോയി. ഒരു ദിവസം അമ്മ ഇവിടെ നിന്നും പോകും മോൻ അച്ഛനൊപ്പം നിൽക്കണം കേട്ടോ..
ഇടയ്ക്കിടയ്ക്ക് അമ്മ പറയാറുള്ള ആ വാക്കുകളാണ് മനസ്സിലേക്ക് ഓടിയെത്തിയത്. അപ്പോൾ ഇവന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന അനിയനെ നോക്കി ചോദിക്കുമ്പോൾ അമ്മ ഏറെനേരം ഒന്നും മിണ്ടാതെ അവനെ നോക്കിയിരിക്കും. ഇവൻ കുഞ്ഞല്ലേ ഇവൻ അമ്മയുടെ ഒപ്പം നിൽക്കട്ടെ. മോൻ വലിയ കുട്ടിയായില്ലേ അമ്മ തലമുടിയിൽ തഴുകി പറയുമ്പോൾ എഴുന്നേറ്റുനിന്ന് സ്വന്തം ശരീരം നോക്കി ഞാനും വലിയ ആളായി എന്ന് മനസ്സിൽ പറഞ്ഞ് പിന്നെയും അനിയൻറെ ഒപ്പം കളിക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നത് സന്തോഷം കൊണ്ടായിരിക്കും എന്ന് അപ്പോൾ കരുതിയിരുന്നത്.
കുരവള്ളിയിൽ കുടുങ്ങിയ കരച്ചിൽ പുറത്തേക്ക് വന്നില്ലെങ്കിലും നിൽക്കാതെ ഒഴുകിക്കൊണ്ടിരിക്കുന്ന കണ്ണുനീർ തുടച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു. എവിടെയാടാ നിന്റെ തള്ള ആ മൂദേവി ചത്തോ ഇവിടെ ഇന്ന് ഒരു തേങ്ങയും ഉണ്ടാക്കുന്നില്ലേ ഇവൾ ഇത് എവിടെ പോയി കിടക്കുന്നു ഉറക്കം എഴുന്നേറ്റു മുണ്ടും അഴിച്ചു ഉടുത്ത് അച്ഛൻ ചോദിക്കുമ്പോൾ ഒന്നും മിണ്ടാതെ കണ്ണുനീരും തുടച്ച് അടുക്കള വാതിൽ പടിയിൽ ഇരുന്നേയുള്ളൂ.